കൊച്ചി: ശബരിമലയില്‍ തീർത്ഥാടനത്തിനിടെയുണ്ടായ കനത്ത തിരക്കിലും നിയന്ത്രണങ്ങള്‍ പാളിയതിലും തിരുവിതാംകൂർ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. മുന്നൊരുക്കങ്ങളെക്കുറിച്ച് കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചു.
തിരക്ക് നിയന്ത്രിക്കുന്നതില്‍ ഏകോപനം ഇല്ലെന്ന് കോടതി വിമർശിച്ചു. "ആറു മാസം മുൻപേ ഒരുക്കങ്ങള്‍ തുടങ്ങേണ്ടതായിരുന്നില്ലേ?" എന്ന് കോടതി ചോദിച്ചു. വരുന്നവരെ എല്ലാവരെയും തിരക്കി കയറ്റിവിടുന്നത് തെറ്റായ സമീപനമാണ്. അങ്ങനെ തിരക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും കോടതി ആരാഞ്ഞു.
ശബരിമലയില്‍ എത്ര പേരെ പരമാവധി ഉള്‍ക്കൊള്ളാൻ കഴിയുമെന്ന് ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചു. ഓരോ സെക്ടറിനും എത്ര വലിപ്പമുണ്ടെന്നും കോടതി ആരാഞ്ഞു. സ്ഥലപരിമിതി ഉള്ളതിനാല്‍ അതിനനുസരിച്ചേ ഭക്തരെ കയറ്റാൻ പാടുള്ളൂ എന്നും ബെഞ്ച് ഓർമ്മിപ്പിച്ചു.
ശബരിമലയില്‍ ഇന്നലെ തിരക്ക് മൂലം ദർശനം നടത്താൻ കഴിയാതെ തീർത്ഥാടകർക്ക് മടങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടായിരുന്നു. മലയാളികള്‍ അടക്കമുള്ള തീർത്ഥാടകർ ദർശനം നടത്താതെ മടങ്ങി, പന്തളത്ത് പോയി നെയ്യഭിഷേകം നടത്തിയ ശേഷമാണ് മടങ്ങിയത്.
ഇന്നലെ വൈകിട്ടോടെയാണ് തിരക്ക് അല്‍പമെങ്കിലും നിയന്ത്രണവിധേയമായത്. ശബരിമലയിലെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കുന്നതിനിടെയാണ് ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനങ്ങള്‍ ഉന്നയിച്ചത്.

Post a Comment